തന്റെ വളർത്തുനായയെ പാർക്കിംഗ് ടെറസ്സിൽ നിന്നും താഴേക്ക് വലിച്ചെറിഞ്ഞ 26 -കാരിക്ക് 12 മാസം തടവ്. പെർത്തിൽ നിന്നുള്ള ആമി ലീ ജഡ്ജി എന്ന യുവതിയെയാണ് ഈ കണ്ണില്ലാത്ത ക്രൂരതയ്ക്ക് ശിക്ഷിച്ചിരിക്കുന്നത്. ഒപ്പം തന്നെ 10 വർഷത്തേക്ക് വളർത്തുമൃഗങ്ങളെ ഒപ്പം വയ്ക്കുന്നതിന് ഇവർക്ക് വിലക്കുമുണ്ട്.
യുവതിയുടെ ഈ ക്രൂരകൃത്യത്തിന്റെ ദൃശ്യങ്ങൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഞെട്ടലോടെയാണ് ആളുകൾ ഈ ദൃശ്യങ്ങൾ കണ്ടത്. അതിൽ പാർക്കിംഗ് ടെറസ്സിൽ നിന്നും യുവതി നായയെ താഴേക്ക് വലിച്ചെറിയുന്നത് കാണാം. പിന്നീട്, അതുവഴി പോയ ഒരാളാണ് നായയെ കണ്ടെത്തിയത്. കാമുകനുമായി തർക്കത്തിലേർപ്പെട്ടതിന് പിന്നാലെയാണ് യുവതി നായയെ ടെറസിൽ നിന്നും താഴേക്ക് വലിച്ചെറിഞ്ഞത്. നായയുമായി ടെറസ്സിലെത്തിയതിന് പിന്നാലെ നായയെ അവിടെ നിന്നും വലിച്ചെറിയുന്നത് വളരെ വ്യക്തമായി ക്യാമറയിൽ പതിഞ്ഞിരുന്നു.
10 വയസ്സ് പ്രായമുള്ള പ്രിൻസസ് എന്ന് പേരിട്ടിരിക്കുന്ന നായയെയാണ് യുവതി വലിച്ചെറിഞ്ഞത്. 2022 -ലാണ് യുവതി നായയെ വലിച്ചെറിയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. കഴിഞ്ഞ ദിവസമാണ് മിഡ്‌ലാൻഡ് മജിസ്‌ട്രേറ്റ് കോടതി യുവതിയെ ഒരു വർഷത്തെ തടവിന് ശിക്ഷിച്ചത്. നായയെ എറിഞ്ഞതിന് പിന്നാലെ യുവതി സോഷ്യൽ മീഡിയയിൽ പോസ്റ്റും ഇട്ടിരുന്നു. അതിൽ പറഞ്ഞത്, നായയെ സഹായിക്കുകയാണ് താനതുവഴി ചെയ്തത് എന്നായിരുന്നു. താൻ അതിനെ ഒരുപാട് ഉപദ്രവിച്ചു. അതുകൊണ്ട് സഹായിക്കാനാണ് നായയെ താൻ വലിച്ചെറിഞ്ഞത് എന്നായിരുന്നു യുവതി പറഞ്ഞിരുന്നത്. എന്നാൽ, ഈ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തു. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നും താനങ്ങനെ ഒരു പോസ്റ്റിട്ടിട്ടില്ല എന്നും യുവതി പിന്നീട് പറഞ്ഞിരുന്നു.
ഏതായാലും, ഒരു വർഷം യുവതിക്ക് തടവിൽ കഴിയണം. മാത്രമല്ല, 10 വർഷത്തേക്ക് ഒരു വളർത്തുമൃഗത്തേയും സൂക്ഷിക്കാനും സാധിക്കില്ല ജ്.