കൽപ്പറ്റ: തുടർച്ചയായി ഉണ്ടാകുന്ന വന്യമൃഗ ശല്യം വയനാടിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും ജില്ലയിലേക്കുള്ള നിക്ഷേപകർ കുറയുമെന്നും വയനാട് ചേംബർ ഓഫ് കൊമേഴ്‌സ് വിളിച്ചുചേർത്ത പ്രതിഷേധ യോഗം അഭിപ്രായപ്പെട്ടു. ജില്ലയിലെ വിവിധ സംഘടനാ ഭാരവാഹികൾ പങ്കെടുത്ത യോഗത്തിൽ അധികൃതരുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജില്ലയിലെ കാർഷിക മേഖലയെ വന്യമൃഗ ശല്യം മൊത്തത്തിൽ തകർത്തുകളഞ്ഞിരിക്കുകയാണ്. പന്നി, മാൻ, മയിൽ, കുരങ്ങ് മൃഗങ്ങളായിരുന്നു സാധാരണക്കാരുടെ കൃഷിയിടങ്ങളിൽ സർവ്വസാധാരണമായിരുന്നത്. എന്നാൽ ഇപ്പോൾ കടുവയും ആനയും പുലിയും കരടിയുമൊക്കെ വായനാട്ടുകാർക്ക് നിത്യ ഭീഷണയായിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ അടിയന്തിരമായി നടപടികൾ കൈക്കൊള്ളണമെന്ന് യോഗം സർക്കാരിനോടാവശ്യപ്പെട്ടു. മൃഗസംരക്ഷണത്തിന്റെ പേരിൽ വനത്തിൽ ചിലവഴിക്കുന്ന ഫണ്ട് ശരിയായ രീതിയിലാണോ എന്ന കാര്യത്തിൽ പബ്ലിക് ഓഡിറ്റിംഗ് നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
മുൻ കേന്ദ്ര പ്ലാനിങ് അഡ്വൈസറും മനുഷ്യാവകാശ പ്രവർത്തകനുമായ ഫാ.വർഗീസ് മറ്റവന യോഗം ഉദ്‌ഘാടനം ചെയ്തു. ചേംബർ പ്രസിഡന്റ് ജോണി പാറ്റാനി അധ്യക്ഷത വഹിച്ചു. ഇ പി മോഹൻദാസ്, പോൾ മാത്യു, സാലു എബ്രഹാം, ഫാ. ജോസഫ് തേരകം, അഡ്വ. അബ്ദുറഹിമാൻ, , എം പി അശോക് കുമാർ, കെ പി സെയ്ത് അലവി, ജേക്കബ് ബത്തേരി, മിൽട്ടൺ ഫ്രാൻസിസ്, പി ജെ ജോസ്‌കുട്ടി, കെ ഐ വർഗീസ്, എന്നിവർ പ്രസംഗിച്ചു.