ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് നാളെ വിധിയെഴുതും . 14,64,472 സമ്മതിദായകരാണ് ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടവകാശം വിനിയോഗിക്കുക. വോട്ടെടുപ്പിനുള്ള എല്ലാ സംവിധാനങ്ങളും സുരക്ഷാക്രമീകരണങ്ങളും പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. സുതാര്യമായും സമാധാനാപരമായും വോട്ടവകാശം വിനിയോഗിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി.
രാവിലെ 5.30 എല്ലാ കേന്ദ്രങ്ങളിലും മോക്ക് പോളിങ്ങ് തുടങ്ങും. സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ വോട്ടിങ്ങ് യന്ത്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പ് വരുത്തുന്ന പ്രക്രിയാണ് മോക്ക് പോള്‍. രാവിലെ ഏഴ് മുതല്‍ വോട്ടര്‍മാര്‍ക്ക് ബൂത്തിലെത്തി വോട്ടു ചെയ്യാം. വൈകീട്ട് 6 വരെയാണ് പോളിങ്ങ് സമയം. വ്യാഴാഴ്ച ഉച്ചയോടെ പോളിങ്ങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. മുട്ടില്‍ ഡബ്ല്യു.ഒ.എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വോട്ടിങ്ങ് യന്ത്രങ്ങളുടെയും പോളിങ്ങ് സാമഗ്രികളുടെയും വിതരണം ജില്ല കളക്ടര്‍ നേരിട്ട് വിലയിരുത്തി. ജോലിക്കായി നിയോഗിച്ച ജീവനക്കാരില്‍ നിന്നും കളക്ടര്‍ വിവരങ്ങള്‍ ആരാഞ്ഞു. മാനന്തവാടി സെന്റ് പാട്രിക് സ്‌കൂളില്‍ സബ്കളക്ടര്‍ മിസല്‍ സാഗര്‍ ഭരത് പോളിങ്ങ് സാമഗ്രികളുടെ വിതരണത്തിന് നേതൃത്വം നല്‍കി. സുല്‍ത്താന്‍ ബത്തേരിയില്‍ സെന്റ് മേരീസ് കോളേജിലും പോളിങ്ങ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. ബൂത്തുകളിലേക്ക് നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് പുറമെ ഇരുപത് ശതമാനം ജീവനക്കാര്‍ റിസര്‍വായുമുണ്ട്.