വയനാടിനെ രാഹുൽ ‘കൈവിട്ടാൽ’ പകരക്കാരിയായി പ്രിയങ്ക?

0
962
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും റായ്ബറേലി മണ്ഡലത്തിലെ പൊതുസമ്മേളനത്തിനിടെ. ചിത്രം: പിടിഐ

ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം അധികം വൈകാതെ ഒരു ഉപതിരഞ്ഞെടുപ്പിനു കൂടിയുള്ള ഒരുക്കത്തിലാണ് വയനാട്ടിലെ കോൺഗ്രസുകാർ. ഉപതിരഞ്ഞെടുപ്പിനു സാധ്യതയുണ്ടെന്നും അതിനാൽ വോട്ടർ പട്ടിക ഉൾപ്പെടെ സൂക്ഷിച്ചു വയ്ക്കണമെന്നുമാണ് നേതൃത്വം പ്രവർത്തകർക്കു നൽകിയിരിക്കുന്ന നിർദേശം. രാഹുൽ ഗാന്ധി ഉത്തർപ്രദേശിൽ മത്സരിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരുന്നു. അമേഠിയിൽത്തന്നെ മത്സരിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും സോണിയ ഗാന്ധിയുടെ തട്ടകമായ റായ്ബറേലിയിലാണ് രാഹുൽ മത്സരിക്കാൻ ഇറങ്ങിയത്. ഇതോടെയാണ് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് ഏകദേശം ഉറപ്പായത്.

 

കാരണം, വയനാടു പോലെ കോൺഗ്രസിനൊപ്പം നിൽക്കുന്ന മണ്ഡലമാണ് റായ്ബറേലി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കോൺഗ്രസ് ജയിച്ച ഏക മണ്ഡലം റായ്ബറേലിയാണ്. റായ്ബറേലിയിലെ അഞ്ചിൽ നാല് നിയമസഭാ മണ്ഡലങ്ങളും സമാജ്‌വാദി പാർട്ടിയുടെ കയ്യിലാണ്. അതുകൊണ്ട് റായ്ബറേലിയിൽ രാഹുലിന് അനായാസം ജയിക്കാമെന്നാണു കണക്കുകൂട്ടൽ. അങ്ങനെ സംഭവിച്ചാൽ വയനാടിന്റെ അവസ്ഥ എന്താണെന്നാണ് ഉയരുന്ന ചോദ്യം.

 

രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്നാണ് വയനാട്ടിലെ പല കോൺഗ്രസുകാരുടെയും അഭിപ്രായം. രാഹുൽ വളരെ തിരക്കുള്ള ആളാണ്. മണ്ഡലത്തിൽ പലപ്പോഴും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകാറില്ല എന്ന പ്രശ്നമുണ്ട്. പ്രിയങ്കയ്ക്ക് രാഹുൽ ഗാന്ധിയുടെ അത്രയും തിരക്കില്ലാത്തതിനാൽ കൂടുതൽ സമയം വയനാട്ടിൽ ചെലവഴിക്കാൻ സാധിക്കും. മാത്രമല്ല, രാഹുൽ ‘കുടുംബമാണ്’ എന്ന് ഇടയ്ക്കിടെ പറയുന്ന വയനാടിനെ ഉപേക്ഷിച്ചുവെന്ന ആരോപണത്തിനു തടയിടാനുമാകും.

രാഹുൽ റായ്ബറേലി നിലനിർത്തിയാൽ പ്രിയങ്ക അല്ലാതെ മറ്റൊരു സാധ്യത വയനാട്ടിൽ ഇല്ല. മറ്റാരു മത്സരിച്ചാലും, രാഹുൽ കബളിപ്പിച്ചു എന്ന തോന്നൽ ജനങ്ങൾക്കുണ്ടാകാം. ചിലപ്പോൾ മണ്ഡലം തന്നെ നഷ്ടപ്പെട്ടെന്നിരിക്കും. അതുകൊണ്ടുതന്നെ വയനാട്ടിൽ പ്രിയങ്ക തന്നെ മത്സരിക്കുമെന്നു പ്രതീക്ഷിക്കുന്ന കോൺഗ്രസുകാർ നിരവധിയാണ്.

 

രാഹുൽ ഗാന്ധി വയനാടിനെ വഞ്ചിച്ചു എന്ന് എൽഡിഎഫ് ഇപ്പോൾത്തന്നെ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഉപതിരഞ്ഞെടുപ്പുണ്ടായാൽ, ആ പ്രചാരണത്തെ പ്രതിരോധിക്കാൻ കോൺഗ്രസിനു മുന്നിൽ പ്രിയങ്ക എന്ന ഒറ്റ പോംവഴിയേ ഉള്ളൂ. പ്രിയങ്കയെ മറ്റെവിടെയും മത്സരിപ്പിക്കാതിരുന്നത് വയനാട്ടിൽ മത്സരിപ്പിക്കുന്നതിന് വേണ്ടിയാണെന്നും പ്രാദേശിക നേതാക്കൾ വിലയിരുത്തുന്നു. റായ്ബറേലിയിൽ രാഹുലിനു വേണ്ടി പ്രചാരണം നയിക്കുന്നതും പ്രിയങ്കയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here