ലക്നൗ∙ ഉത്തർപ്രദേശിലെ ആഗ്രയിലെ എക്സ്‌പ്രസ്‍വേയിൽ, റോഡിൽ കിടന്ന മൃതദേഹത്തിലൂടെ കയറിയിറങ്ങി വാഹനങ്ങൾ. രാത്രിയിൽ ഉടനീളം നിരവധി കാറുകളാണു ശരീരത്തിലൂടെ കയറിയിറങ്ങിയതെന്നാണു റിപ്പോർട്ട്. വാഹനങ്ങൾക്കിടയിൽപ്പെട്ട് ചതഞ്ഞ് അരഞ്ഞ ശരീരഭാഗങ്ങൾ 500 മീറ്റർ ദൂരത്തിൽ ചിതറിത്തെറിച്ച് കിടക്കുകയായിരുന്നു. ഈ ശരീരഭാഗങ്ങളെല്ലാം പൊലീസ് എത്തി വാരി കൂട്ടുകയായിരുന്നു. മൃതദേഹം എങ്ങനെയാണ് ഇവിടെ വന്നതെന്നും അത് ആരുടേതാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ശരീരഭാഗങ്ങളിൽനിന്ന് പൊലീസിന് ഒരു കൈവിരൽ ലഭിച്ചിട്ടുണ്ട്. ഈ വിരൽ ഉപയോഗിച്ച് ഫൊറൻസിക് സംഘത്തിന്റെ സഹായത്തോടെ മരിച്ചയാളെ തിരിച്ചറിയാൻ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്. മരിച്ചയാളുടേതെന്നു സംശയിക്കുന്ന ഒരു ഷൂവും സംഭവസ്ഥലത്തുനിന്നു കണ്ടെത്തി. എക്സ്‌പ്രസ്‍വേയിൽ ശരീരം എത്രനേരത്തോളം കിടന്നെന്നു വ്യക്തമല്ല. ഉത്തരേന്ത്യയിൽ നിലവിലുള്ള അതിശൈത്യ സാഹചര്യമാകാം ഡ്രൈവർമാർ മൃതശരീരം കാണാതെ പോയതെന്നാണ് പൊലീസിന്റെ നിഗമനം. മരിച്ചയാളെ തിരിച്ചറിയുന്നതിനായി പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. റോഡിൽനിന്ന് കണ്ടെടുത്ത ശരീരഭാഗങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.