വന്യമൃഗശല്യത്തിൽ തകർന്ന് വയനാടിന്റെ ടൂറിസം മേഖല

0
834

പടിഞ്ഞാറത്തറ∙ ബാണാസുര സാഗർ ഹൈഡൽ ടൂറിസം കേന്ദ്രത്തിനു പുറമേ, വനംവകുപ്പിന്റെ കീഴിലുള്ള ഇക്കോടൂറിസം കേന്ദ്രങ്ങളും അടച്ചതോടെ ജില്ലയിലെ വിനോദസഞ്ചാരമേഖല തകർന്നടിഞ്ഞ നിലയിലായി. തൊഴിലാളി സമരത്തെ തുടർന്ന് ബാണാസുര ടൂറിസം കേന്ദ്രം അടച്ചിട്ട് 18 ദിവസം പിന്നിട്ടെങ്കിലും തുറന്നു പ്രവർത്തിക്കാൻ ആവശ്യമായ നടപടികൾ എങ്ങുമെത്തിയില്ല. 3 തവണ വിവിധ ചർച്ചകൾ നടത്തിയെങ്കിലും ഒന്നും ഫലം കാണാതെ വന്നതോടെ കേന്ദ്രം എന്നു തുറക്കും എന്നതിന് ഒരു സൂചനയും ഇല്ലാതെയായി.

 

വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടർന്ന് വനംവകുപ്പിന്റെ കീഴിലുള്ള കേന്ദ്രങ്ങൾ അടച്ചിടാൻ തീരുമാനിച്ചതോടെയാണ് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ നിശ്ചലമായത്. നിലവിൽ ഡിടിപിസി കേന്ദ്രങ്ങൾ മാത്രമാണ് തുറന്നു പ്രവർത്തിക്കുന്നത്. വിനോദ സഞ്ചാരികളുടെ ഇഷ്ടസ്ഥലമായ ബാണാസുര ഡാം അടച്ചതോടെ തന്നെ സഞ്ചാരികളുടെ വരവ് നന്നേ കുറഞ്ഞിരുന്നു. ഇക്കോ ടൂറിസം കേന്ദ്രവും അടഞ്ഞതോടെ ജില്ലയെ സ‍ഞ്ചാരികൾ കയ്യൊഴിഞ്ഞു തുടങ്ങി.

 

അതോടെ ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന ഒട്ടേറെ സ്ഥാപനങ്ങളും ജീവനക്കാരും ദുരിതത്തിലായി. റിസോർട്ടുകൾ, ഹോട്ടലുകൾ, വഴിയോര കച്ചവടക്കാർ, വാഹന സർവീസ് എന്നിവയെല്ലാം ഇപ്പോൾ വൻ തിരിച്ചടിയാണ് നേരിടുന്നത്. പ്രവർത്തനം നിലച്ച അവസ്ഥ വന്നതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിക്കുന്നതെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

 

ടൂർ പാക്കേജുകളുടെ അന്വേഷണം വരുന്നുണ്ടെങ്കിലും മിക്ക ടൂറിസം കേന്ദ്രങ്ങളും അടഞ്ഞു കിടക്കുന്നതിനാൽ ഏറ്റെടുക്കാൻ കഴിയുന്നില്ല. ബാണാസുരയിലെ സമരം അവസാനിപ്പിക്കാനും ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കാനും നടപടി വേണമെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here