സഹപ്രവർത്തകന്റെ കൗമാരപ്രായക്കാരിയായ മകളെ പീഡിപ്പിച്ച 2 കോസ്റ്റ് ഗാർഡ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ 30, 23 വയസ്സ് പ്രായമുള്ളവരാണ്. ഒക്ടോബർ 17ന് നടന്ന സംഭവത്തെക്കുറിച്ച് ഡിസംബറിലാണ് പെൺകുട്ടി മാതാപിതാക്കളോട് പറയുന്നത്.
തുടർന്ന് പിതാവ് മേലധികാരികൾക്ക് ആദ്യം പരാതി നൽകി. പെൺകുട്ടിയും കോസ്റ്റ് ഗാർഡിലെ ഉന്നത ഉദ്യോഗസ്ഥർക്ക് സംഭവം വിവരിച്ച് കത്തെഴുതി. തുടർന്ന് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് പൊലീസിന് പരാതി നൽകുന്നത്. പ്രതികളെ റിമാൻഡ് ചെയ്തു.
*സൗഹൃദം മുതലെടുത്ത് പീഡനം*
പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി ഫ്ലാറ്റിൽ തനിച്ചായിരിക്കുമ്പോഴാണ് പ്രതികളിൽ ഒരാൾ വന്ന് ഭാര്യ വിളിക്കുന്നുവെന്ന് അറിയിച്ചത്. ഇരു കുടുംബങ്ങളും തമ്മിൽ അടുപ്പമുള്ളതിനാൽ പെൺകുട്ടിക്ക് സംശയം തോന്നിയില്ല. പെൺകുട്ടി പ്രതിയുടെ ഫ്ലാറ്റിലേക്ക് കടന്നപ്പോൾ അവിടെ കാത്തുനിന്ന രണ്ടാമൻ വായ് പൊത്തി കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ചു.
ഉപദ്രവം പുറത്തു പറഞ്ഞാൽ പെൺകുട്ടിയെയും പിതാവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തിന്റെ ആഘാതത്തിൽ വിഷാദരോഗിയായ പെൺകുട്ടിയെ മാതാപിതാക്കൾ മനഃശാസ്ത്രജ്ഞനെ കാണിച്ചിരുന്നു. പിന്നാലെയാണ് പെൺകുട്ടി സംഭവം തുറന്നുപറഞ്ഞത്.