ഭാര്യയെ ചവിട്ടി കൊലപ്പെടുത്തിയ കേസ്; ഭർത്താവിന് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും

0
804

കൽപ്പറ്റ: ഭാര്യയെ ചവിട്ടി കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും. നൂൽപ്പുഴ, ചീരാൽ, വെണ്ടോല പണിയ കോളനിയിലെ വി.ആർ. കുട്ടപ്പനെ(39)യാണ് കൽപ്പറ്റ അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജ്‌ വി. അനസ് ജീവപര്യന്തം തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കുന്നതിന് വീഴ്ച്ച വരുത്തിയാൽ അഞ്ച് വർഷം കൂടി കഠിന തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി അഡ്വ. അഭിലാഷ് ജോസഫ് ഹാജരായി.

 

06.04.2022 നാണ് കേസിനാസ്പദമായ സംഭവം. വൈകീട്ട് കൂലിപ്പണി കഴിഞ്ഞ് വീട്ടിലെത്തിയ പ്രതിക്ക് കഞ്ഞി വെച്ചു കൊടുത്തില്ല എന്ന കാരണം പറഞ്ഞ് ഭാര്യ സീതയുടെ പുറത്തും കാലുകളിലും കാപ്പി വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും. തുടർന്ന്, രാത്രി 11.30ഓടെ ഹാളിൽ കിടന്നുറങ്ങുകയായിരുന്ന സീതയെ കുട്ടപ്പൻ നെഞ്ചിൽ ചവിട്ടിയതിൽ നെഞ്ചിൻകൂട് തകർന്ന് ഹൃദയത്തിൽ കയറി പെരികാർഡിയം സാക്കിൽ രക്തം തളം കെട്ടി സീത മരിക്കുകയുമായിരുന്നു. നൂൽപ്പുഴ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ആയിരുന്ന ടി.സി. മുരുകനാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസന്വേഷണത്തിൽ സഹായത്തിനായി സീനിയർ സിവിൽ പോലീസ് ഓഫീസറായ പ്രഭാകരനും കോടതികാര്യങ്ങളിൽ സഹായത്തിനായി സീനിയർ സിവിൽ പോലീസ് ഓഫീസറായ രതീഷ് ബാബുവും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here