ഗാർഹിക പീഡന പരാതി; സീരിയൽ താരം രാഹുൽ രവിക്ക് മുൻകൂർ ജാമ്യം

0
448

ന്യൂഡൽഹി∙ ഭാര്യ നൽകിയ ഗാർഹിക പീഡനക്കേസിൽ സീരിയൽ താരം രാഹുൽ രവിക്ക് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഭാര്യ ലക്ഷ്മി എസ്.നായർ നൽകിയ പരാതിയിൽ രാഹുലിനെതിരെ ചെന്നൈ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുൻകൂർ ജാമ്യം തേടി രാഹുൽ രവി കോടതിയിലെത്തിയത്.

 

രാഹുൽ ശാരീരികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ചാണ് ലക്ഷ്മി പരാതി നൽകിയത്. ഇക്കാര്യം ഉൾപ്പെടെയുള്ള വിവരങ്ങൾ ചെന്നൈ പൊലീസിന്റെ പ്രഥമവിവര റിപ്പോർട്ടിലുണ്ട്. രാഹുൽ ഒരു പെൺകുട്ടിക്കൊപ്പം സ്വന്തം അപാർട്ട്മെന്റിലുണ്ടെന്നു വിവരം ലഭിച്ച ലക്ഷ്മി, 2023 ഏപ്രിൽ 26 ന് അർധരാത്രിയിൽ പൊലീസിനും അപ്പാർട്ട്മെന്റ് അസോസിയേഷൻ അംഗങ്ങൾക്കുമൊപ്പം അവിടെയെത്തിയപ്പോൾ രാഹുലിനൊപ്പം ഒരു പെൺകുട്ടിയെ കണ്ടെന്നും ലക്ഷ്മിയെ രാഹുൽ മർദിക്കാറുണ്ടെന്നും എഫ്ഐ‌ആറിൽ പറയുന്നു.

 

പ്രണയത്തിലായിരുന്ന രാഹുലും ലക്ഷ്മിയും 2020ലാണ് വിവാഹിതരായത്. അതിനു ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നാണ് ലക്ഷ്മിയുടെ ആരോപണം. ലക്ഷ്മിക്കു മാനസിക വിഭ്രാന്തി ഉണ്ടെന്ന രാഹുലിന്റെ ആരോപണം തള്ളിയ മദ്രാസ് ഹൈക്കോടതി, നവംബർ 3ന് രാഹുലിന്റെ ജാമ്യം റദ്ദാക്കിയെന്നും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here