പനവല്ലി: ബേലൂര്‍ മഘ്‌ന നിലവില്‍ പനവല്ലി എമ്മഡി വനമേഖലയിലാണ് ഉള്ളതെന്ന് വനം വകുപ്പിന് റേഡിയോ കോളര്‍ സിഗ്‌നല്‍ ലഭിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ദൗത്യസംഘം ആനയെ ട്രാക്ക് ചെയ്യാനുള്ള ശ്രമം ആരംഭിച്ചു. മയക്കുവെടി വിദഗ്ധന്‍ ഡോ. അരുണ്‍ സക്കറിയയും ഇന്ന് മുതല്‍ ദൗത്യസംഘത്തിന്റെ കൂടെ ചേര്‍ന്നിട്ടുണ്ട്. കൂടാതെ മുന്‍പ് ഇതേ കാട്ടാനയെ പിടികൂടിയ കര്‍ണ്ണാടക വനപാലക സംഘാംഗങ്ങളും ദൗത്യ സംഘത്തിനോടൊപ്പമുണ്ട്.
നിലവില്‍ കാട്ടാനയുള്ളത് ജനവാസ മേഖലയോട് ചേര്‍ന്നാണെന്നതിനാല്‍ അപകട സാധ്യത കൂടുതലുള്ളതിനാല്‍ അനുകൂല സാഹചര്യം ഒത്തുവന്നാല്‍ മാത്രമേ മയക്കുവെടി വെക്കുകയുള്ളൂ.ഇന്നലെ രാത്രിയോടെ പനവല്ലി ആദണ്ഡയില്‍ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങിയിരുന്നെങ്കിലും നാശനഷ്ടമൊന്നും ഉണ്ടായില്ല. ആനയുടെ മുന്നില്‍പെട്ട കാര്‍ യാത്രികരായ തദ്ദേശവാസികളായ യുവാക്കള്‍ അപകടമൊന്നും സംഭവിക്കാതെ രക്ഷപ്പെടുകയായിരുന്നു.