മാനന്തവാടി:ജില്ലയിൽ വീണ്ടും ലോൺ ആപ്പ് തട്ടിപ്പ്. പ്രവാസി യുവാവിന്റെ പതിനായിരം രൂപ നഷ്ടമായതായി പരാതി. എടവക അമ്പലവയല്‍ സ്വദേശിയാണ് മാനന്തവാടി പോലീസില്‍ പരാതി നല്‍കിയത്.
വിദേശത്ത് നിന്നും തിരിച്ചെത്തിയ ശേഷം നാട്ടിൽ വര്‍ക്ക് ഷോപ് തുടങ്ങുന്നതിനായുള്ള ആലോചനയുമായി മുന്നോട്ടു പോകുമ്പോഴാണ് ലോണ്‍ ആപ്പിന്റെ സഹായവാഗ്ദാനം മൊബൈലില്‍ കണ്ടത്. VIVRTI എന്ന ചെന്നൈ ആസ്ഥാനമായ കമ്പനിയുടെ പേരില്‍ 1 ലക്ഷം വായ്പ നല്‍കാമെന്ന് പറഞ്ഞ ശേഷം ലോണ്‍ നടപടി ക്രമങ്ങൾക്ക് വേണ്ടി മുന്‍കൂറായി 10000 രൂപ ആവശ്യപ്പെടുകയായിരുന്നു. 6009880703 ഫോണ്‍ നമ്പര്‍ വഴിയായിരുന്നു തട്ടിപ്പുകാര്‍ ബന്ധപ്പെട്ടിരുന്നത്. ഏറെ സാമ്പത്തിക ഞെരുക്കത്തിലായിരുന്ന യുവാവ് മറ്റൊന്നും ആലോചിക്കാതെ പണം അയച്ചു കൊടുത്തു. പിന്നീടാണ് താന്‍ തട്ടിപ്പില്‍ കുരുങ്ങിയ കാര്യം യുവാവിന് മനസ്സിലായത്. ഭംഗിയായി മലയാളം സംസാരിക്കുന്ന തട്ടിപ്പ് കാരന്‍ പ്രൊഫൈല്‍ ഫോട്ടോയില്‍ കുട്ടിയോടൊപ്പമുള്ള മലയാളി കുടുംബത്തിന്റെ ഫോട്ടോയാണ് വെച്ചിരിക്കുന്നത്. ഇതെല്ലാം കണ്ടതോടെയാണ് താന്‍ വിശ്വസിച്ച് പോയതെന്ന് യുവാവ് പറഞ്ഞു.
50000 രൂപ മുതല്‍ പരമാവധി അഞ്ച് ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്നാണ് ഇവരുടെ വാഗ്ദാനം. തിരിച്ചടവിനായി 9 മാസം മുതല്‍ 42 മാസം വരെ കാലയളവ് നല്‍കും. വെറും 0.5% മാത്രമേ പലിശ നല്‍കേണ്ടതുള്ളൂവെന്നും മോഹന വാഗ്ദാനം നല്‍കിയാണ് ഇവരുടെ തട്ടിപ്പ്.