ബംഗളൂരുവിലെ ഫ്ലാറ്റിൽ യുവതിയുടെ അഴുകിയ നഗ്ന മൃതദേഹം കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശിയായ യുവതിയുടെ മൃതദേഹമാണ് ചന്ദാപുരയിലുള്ള ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹം കണ്ടെടുത്ത മുറിയിൽ നിന്ന് മയക്കുമരുന്നും സിറിഞ്ചുകളും പൊലീസ് കണ്ടെടുത്തു. കൊല്ലപ്പെടുന്നതിന് മുമ്പ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി പൊലീസ് നിഗമനം.
കൊല്ലപ്പെട്ടയാൾക്ക് ഏകദേശം 25 വയസ്സ് തോന്നിക്കുന്നുണ്ടെന്നും, പശ്ചിമ ബംഗാൾ സ്വദേശിനിയാണെന്നും പൊലീസ്. മൃതദേഹം അഴുകിയ നിലയിലായിരുന്നതിനാൽ ശരീരത്തിൽ മുറിവുകളുണ്ടോയെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണവും ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ എന്നതും വ്യക്തമാകൂവെന്ന് പൊലീസ്.
കെട്ടിടത്തിലെ മറ്റ് താമസക്കാരുടെയും ഉടമയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. 40 വയസ് പ്രായമുള്ള ഒരു പുരുഷനൊപ്പമാണ് യുവതിയെ അവസാനമായി കണ്ടതെന്ന് ചിലർ മൊഴി നൽകിയിട്ടുണ്ട്. പൊലീസിനോട് പറഞ്ഞു. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ സംഗീത് ഗുപ്തയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കുടുംബത്തോടൊപ്പം താഴത്തെ നിലയിലാണ് ഇവരുടെ താമസം.
കഴിഞ്ഞ ഡിസംബറിലാണ് ഒഡീഷ സ്വദേശി സഫാൻ എന്ന ആൾ നൽകി നാലാം നിലയിലെ സിംഗിൾ ബെഡ്റൂം ഫ്ളാറ്റും തൊട്ടടുത്ത മുറിയും വാടകയ്‌ക്കെടുക്കുന്നത്. 9,800 രൂപ വാടകയും അഡ്വാൻസ് ഇനത്തിൽ 60,000 രൂപയും നൽകി. മുറിയെടുത്തെങ്കിലും ഇയാൾ താമസം തുടങ്ങിയില്ല. അതിനുശേഷം, ജനുവരി 10 നാണ് ഇയാളെ വീണ്ടും കണ്ടത്. ഭാര്യയ്‌ക്കൊപ്പം ഉടൻ താമസം ആരംഭിക്കുമെന്ന് ഇയാൾ പറഞ്ഞതായും വീട്ടുടമസ്ഥ പറയുന്നു.
ഫെബ്രുവരി 28ന്, സഫാൻ വാടകയ്‌ക്കെടുത്ത മുറിയിൽ വീട്ടുടമസ്ഥ 40 വയസ്സുള്ള മറ്റൊരാളെയും 20 വയസ്സുള്ള ഒരു യുവതിയെയും കണ്ടെത്തി. പുതിയ താമസക്കാരെ കുറിച്ച് വീട്ടുടമസ്ഥ സഫാനോട് ചോദിച്ചപ്പോൾ, തനിക്ക് അറിയാവുന്ന അച്ഛനും മകളുമാണ് അവർ എന്നായിരുന്നു മറുപടി. മൂന്ന് ദിവസത്തിന് ശേഷം അവർ മുറി ഒഴിയാമെന്നും സഫാൻ പറഞ്ഞു.
മാർച്ച് 10ന് മുറിയിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ ഗുപ്ത ദമ്പതികൾ മുറി പരിശോധിച്ചു. വാതിൽ പൂട്ടിയിരുന്നില്ല, അകത്ത് കയറി പരിശോധിച്ചപ്പോൾ പുതപ്പ് പുതച്ച് കിടക്കുന്ന യുവതിയുടെ മൃതദേഹവും കണ്ടെത്തി. പുഴുവരിച്ച് അഴുകിയ നിലയിലായിരുന്നു ശരീരം. ഉടനെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മുറിയിൽ നിന്ന് വെള്ളപ്പൊടി പോലുള്ള വസ്തുക്കളും സിറിഞ്ചും കണ്ടെടുത്തതായി ബെംഗളൂരു ജില്ലാ എസ്പി മല്ലികാർജുൻ ബൽദണ്ടി പറഞ്ഞു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.