വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

0
943

മുള്ളന്‍കൊല്ലി: വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ശശിമല എ.പി.ജെ. നഗര്‍ കോളനിയിലെ അമ്മിണി (55) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ബാബു (60)വിനെ പുല്‍പ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം. ഇരുളത്തുള്ള മകന്‍ ബിജുവിനെ ഫോണില്‍ വിളിച്ച് അമ്മയ്ക്ക് സുഖമില്ലെന്നും ആശുപത്രിയില്‍ കൊണ്ടുപോകാനെത്തണമെന്നും ബാബു ആവശ്യപ്പെട്ടതായി പറയുന്നു. ഇതുപ്രകാരം മകന്‍ വീട്ടിലെത്തിയപ്പോഴാണ് അമ്മിണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മിണിയുടെ ശരീരത്തിൽ മര്‍ദനമേറ്റ ലക്ഷണങ്ങളുമുണ്ട്. തുടര്‍ന്ന് സമീപവാസികളേയും പോലീസിനേയും വിവരമറിയിക്കുകയായിരുന്നു. കുടുംബ വഴിക്കിനിടെയുണ്ടായ മര്‍ദനത്തിലാണ് അമ്മിണി മരിച്ചതെന്നാണ് കരുതുന്നത്. പുല്‍പ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ എ. അനന്തകൃഷ്ണന്‍, എസ്.ഐ. സി.ആര്‍. മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഫിങ്കര്‍ പ്രിന്റ്, ഫൊറന്‍സിക്, ഡോഗ്സ്‌ക്വാഡുകള്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളുവെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here